Friday, 25 July 2014


ഗസ്സ: ഇന്ത്യ വംശീയ ചേരിയിലേക്ക്

ഗസ്സ:  ഇന്ത്യ വംശീയ ചേരിയിലേക്ക്
ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വിജയിച്ചപ്പോള്‍ ഏറ്റവും സന്തോഷിച്ച രാഷ്ട്രം ഇസ്രായേല്‍ ആയിരുന്നു. ഫലപ്രഖ്യാപനം വന്ന ഉടനെ മോദിയെ വിളിച്ച് അഭിനന്ദിച്ച ലോക നേതാക്കളില്‍ മുന്‍പന്തിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഉണ്ടായിരുന്നു. മോദിക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത നെതന്യാഹു ഇസ്രായേലുമായി ഇന്ത്യയുടെ ബന്ധം ശക്തമാക്കാന്‍ പുതിയ സര്‍ക്കാറിന് സാധിക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. അധികാരം ഏറ്റെടുത്ത് 50 ദിവസത്തിനകം മോദി സര്‍ക്കാര്‍ തങ്ങളുടെ ഇസ്രായേല്‍ പക്ഷപാതിത്വം പരസ്യമായി പ്രകടിപ്പിച്ച്, ഇസ്രായേലിനെ തന്നെ ഞെട്ടിക്കുന്നതാണ് ഗസ്സ വിഷയത്തില്‍ നാം കാണുന്നത്. ഐക്യരാഷ്ട്രസഭയടക്കം ലോകവേദികളും നേതാക്കളും ഗസ്സയില്‍ ഇസ്രായേല്‍ നടപ്പാക്കുന്ന ക്രൂരമായ നരമേധത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് മുന്നോട്ടുവന്നപ്പോള്‍, ഇസ്രായേലുമായുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടുമെന്ന ന്യായംപറഞ്ഞ് പരോക്ഷമായി ആ തെമ്മാടിരാഷ്ട്രത്തെ പിന്തുണക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ഗസ്സയിലെ കൂട്ടക്കുരുതിയോട് ഒരു തരത്തില്‍ അനുരാഗപൂര്‍ണമായ നിലപാട് സ്വീകരിച്ച മോദി സര്‍ക്കാര്‍, സമീപഭാവിയില്‍ ഇന്ത്യ ഇസ്രായേലുമായി ആരംഭം കുറിക്കാന്‍ പോകുന്ന അപായകരമായ നയതന്ത്രത്തിന്‍െറ അസ്തിവാരം പണിതിരിക്കയാണ്. ഇതോടെ 1992ല്‍ മാത്രം തുടങ്ങിയ ഇന്ത്യ-ഇസ്രായേല്‍ രാജ്യാന്തര നയതന്ത്രത്തിന് ഒരു പുതിയ മാനം കൈവരാന്‍ പോകുന്നു. ഇന്ത്യയെ നോട്ടമിട്ട ഇസ്രായേലിനെ സംബന്ധിച്ച് ഏറ്റവും നല്ല നാളുകളാവും വരാനിരിക്കുന്നത്. പ്രധാനമന്ത്രി പദവിയില്‍ എത്തും മുമ്പേ തന്നെ ഇസ്രായേലുമായി അടുത്ത ബന്ധമുണ്ടാക്കിയ മോദിയുടെ നേതൃത്വത്തില്‍ അനിഷേധ്യമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലേറിയത് ഇസ്രായേലിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. രാജ്യാന്തര പ്രശ്നങ്ങളില്‍ ഇന്ത്യ ഇസ്രായേല്‍ അനുകൂല നിലപാടെടുത്ത സന്ദര്‍ഭങ്ങളിലെല്ലാം ഉയര്‍ന്നുവന്ന ശക്തമായ എതിര്‍പ്പുകളെ ഇനി ഭയക്കേണ്ടതില്ളെന്ന് മോദിയും കരുതുന്നുണ്ടാകും.
1948 മുതല്‍ ഇസ്രായേലുമായി ഒരു നയതന്ത്രബന്ധവുമില്ലാതിരുന്ന ഇന്ത്യ ബന്ധങ്ങള്‍ക്ക് തുടക്കം കുറിച്ചത് 1992ല്‍ നരസിംഹറാവു പ്രധാനമന്ത്രിയായ കാലത്താണ്. ആ ബന്ധം ശക്തമായതാകട്ടെ, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ ഗവണ്‍മെന്‍റിന്‍െറ കാലത്തും. 1948 മുതല്‍ പതിറ്റാണ്ടുകളോളം ഇന്ത്യ- ഇസ്രായേല്‍ ബന്ധം മുംബൈയിലെ ഒരു എമിഗ്രേഷന്‍ ഓഫിസില്‍ ഒതുങ്ങിയിരുന്നു. 1988ല്‍ ഫലസ്തീന്‍െറ സ്വാതന്ത്ര്യപ്രഖ്യാപനത്തെ അംഗീകരിച്ച ആദ്യത്തെ അറബ്ഇതര രാഷ്ട്രങ്ങളില്‍ ഇന്ത്യ മുന്നിലുണ്ടായിരുന്നു. ഒരുകാലത്ത് ഇന്ത്യയായിരുന്നു അറബ് രാഷ്ട്രങ്ങള്‍ക്കു പുറത്ത്, ഇസ്രായേലിനെതിരെ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ച രാജ്യം. എന്നാല്‍, ഇന്ന് ഇസ്രായേലിന്‍െറ മനുഷ്യത്വവിരുദ്ധമായ ആക്രമണത്തെ പാര്‍ലമെന്‍റിലോ രാജ്യസഭയിലോ ഒറ്റവരി പ്രമേയത്തിലൂടെപോലും അപലപിക്കാന്‍ സാധിക്കാത്ത പരുവത്തിലേക്ക് ഇന്ത്യ-ഇസ്രായേല്‍ ബന്ധം മാറിക്കഴിഞ്ഞിരിക്കുന്നു.
സയണിസവും സംഘ്പരിവാരവും തമ്മില്‍ പൊക്കിള്‍കൊടി ബന്ധമാണുള്ളത്. വംശീയതയും തീവ്രദേശീയവാദവും ഇരുസംഘങ്ങളെയും ആശയപരമായി കൂട്ടിയോജിപ്പിക്കുന്നു. പ്രമുഖ അമേരിക്കന്‍ വലതുപക്ഷ എഴുത്തുകാരനായ കോണ്‍റാഡ് എല്‍സ്റ്റ് ഹിന്ദുത്വപ്രസ്ഥാനത്തിന്‍െറ സ്ഥാപകനായ സവര്‍ക്കറെ സയണിസത്തിന്‍െറ ഹിന്ദു പ്രതിരൂപമായാണ് വിശേഷിപ്പിച്ചത്. തീവ്ര ജൂതദേശീയതയും ഹൈന്ദവ ദേശീയതയും മുഖ്യശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിട്ടുള്ളത് മുസ്ലിംകളെയാണ് എന്നതും ഇവയെ പരസ്പരം യോജിപ്പിക്കുന്നു. ഹിംസയുടെ രാഷ്ട്രീയമാണ് അവ പങ്കുവെക്കുന്നതും. പ്രത്യയശാസ്ത്രപരമായി ഒരേതൂവല്‍ പക്ഷികളായ ഹിന്ദുത്വ-ജൂത വംശീയവാദങ്ങളെ രാഷ്ട്രീയമായി ഒന്നിപ്പിക്കാന്‍ വാജ്പേയി ഭരണകാലത്ത് തന്നെ ശ്രമം ആരംഭിച്ചിരുന്നു. 2002 ജനുവരിയില്‍ അന്നത്തെ ഇസ്രായേലി വിദേശകാര്യമന്ത്രി ഷിമോന്‍ പെരസ് ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ ഇരുരാജ്യങ്ങളും ഒരേ പാളയത്തിലാണ്. ആ ദിശയില്‍ ഇന്ത്യ-ഇസ്രായേല്‍ ബന്ധം വളര്‍ത്തിയെടുക്കണം എന്ന ധാരണയാണ് ആ സന്ദര്‍ശനത്തില്‍ പങ്കുവെക്കപ്പെട്ടത്. ഷിമോന്‍ പെരസിന്‍െറ സന്ദര്‍ശനവേളയില്‍ ഇന്ത്യയുടെ വിദേശകാര്യ വക്താവ് നടത്തിയ പ്രസ്താവന വിസ്മരിക്കാനാകില്ല. ദീര്‍ഘകാലമായി അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന്‍െറ കെടുതി അനുഭവിക്കുന്ന ഇന്ത്യ, ഭീകരവാദത്തെ നേരിടുന്നതിലുള്ള ഇസ്രായേലിന്‍െറ അനുഭവത്തില്‍നിന്ന് പാഠം പഠിക്കണം എന്നായിരുന്നു ആ പ്രസ്താവനയുടെ കാതല്‍. ഇസ്രായേലിന്‍െറ അധിനിവേശത്തിനെതിരെ പോരാടുന്ന ഫലസ്തീനികളെ അതിര്‍ത്തി കടന്നുള്ള ഭീകരരായി ചിത്രീകരിക്കുകവഴി ഇസ്രായേലിന്‍െറ പ്രീതിനേടുകയായിരുന്നു ബി.ജെ.പി ഭരണകൂടത്തിന്‍െറ ലക്ഷ്യം.
സെപ്റ്റംബര്‍ 11 സംഭവത്തോടെ ‘ഭീകരതക്കെതിരെ’ എന്ന പേരില്‍ അമേരിക്കന്‍ സാമ്രാജ്യത്വം ആരംഭിച്ച യുദ്ധം രണ്ടു ശക്തികളെയും ഏകോപിപ്പിക്കുന്നതില്‍ ചരിത്രപരമായ പങ്കുവഹിക്കുകയുണ്ടായി. 2003ല്‍ അമേരിക്ക ഇറാഖില്‍ ആക്രമണം നടത്തി രണ്ടുമാസം കഴിയുന്നതിനുമുമ്പുതന്നെ അന്നത്തെ എന്‍.ഡി.എ സര്‍ക്കാറിന്‍െറ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര ഇന്ത്യ-യു.എസ്-ഇസ്രായേല്‍ സഖ്യത്തിന് ആഹ്വാനം ചെയ്തത് സുപ്രധാനമായ നീക്കമായിരുന്നു. അമേരിക്കന്‍ ജൂത കമ്മിറ്റി നല്‍കിയ വിരുന്നില്‍ ചെയ്ത പ്രസംഗത്തിലായിരുന്നു മിശ്രയുടെ ആഹ്വാനം എന്നതും ശ്രദ്ധേയമാണ്. ഈ മൂന്നു രാജ്യങ്ങളും ഭീകരതയെന്ന പൊതുശത്രുവിനെ നേരിടുന്നുവെന്ന് വിശദീകരിച്ചു കൊണ്ടാണ് ഈ സഖ്യത്തിന് മിശ്ര ആഹ്വാനം നല്‍കിയത്. എന്നാല്‍, ഇസ്രായേലിനെ സംബന്ധിച്ച് ഫലസ്തീനികളുടെ ചെറുത്തുനില്‍പാണ് ഭീകരവാദം. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഇസ്രായേലിന്‍െറ ഭീകരവാദപ്പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഹമാസ് ആണ്. ഹമാസിനെ ഉന്മൂലനം ചെയ്യാനുള്ള പഴുതായാണ് ‘ഭീകരതാവിരുദ്ധ യുദ്ധ’ത്തെ ഇസ്രായേല്‍ ഉപയോഗിച്ചത്. പശ്ചിമേഷ്യയിലെ ഒന്നാംനമ്പര്‍ ഭീകര പ്രസ്ഥാനം സയണിസമാണെന്ന സത്യം വിസ്മരിച്ച്, ഭീകരതക്ക് ഇസ്രായേല്‍ നല്‍കുന്ന ഏകപക്ഷീയ നിര്‍വചനത്തിന് മേലൊപ്പു ചാര്‍ത്തിക്കൊണ്ട് 2003ല്‍ തന്നെ എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയോട് ചതി കാണിച്ചിരുന്നു. എന്‍.ഡി.എ സര്‍ക്കാര്‍ ഇസ്രായേലിനോടുള്ള സമീപനത്തില്‍ വരുത്തിയ നിര്‍ണായക വ്യതിയാനം അക്ഷരംപ്രതി പിന്തുടരുകയാണ് പിന്നീട് വന്ന യു.പി.എ സര്‍ക്കാറുകളും ചെയ്തത്. മുന്‍പ്രതിരോധമന്ത്രി എ.കെ. ആന്‍റണി മുതല്‍ ഇപ്പോഴത്തെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇസ്രായേലിനോട് അങ്ങേയറ്റത്തെ വിധേയത്വം പുലര്‍ത്തുകയാണ്.
ഇസ്രായേലിനു ചെയ്തുകൊടുക്കാവുന്ന ഏറ്റവും നല്ല സഹായം ആ രാജ്യം ഉല്‍പാദിപ്പിക്കുന്ന ആയുധങ്ങള്‍ വാങ്ങിക്കൂട്ടുക എന്നതാണ്. കാരണം, ആയുധ വ്യവസായമാണ് ഇസ്രായേലിന്‍െറ നിലനില്‍പിന് ആധാരം. ഇസ്രായേലിനെ ഒരു വലിയ സൈനികശക്തിയായി വളര്‍ത്തുന്നതിലും അതിന്‍െറ സൈനിക സമ്പദ്ക്രമത്തെ താങ്ങിനിര്‍ത്തുന്നതിലും അമേരിക്കയും ബ്രിട്ടനും കഴിഞ്ഞാല്‍ തൊട്ടടുത്തു നില്‍ക്കുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. ഇസ്രായേലിന്‍െറ ആയുധവ്യവസായത്തിന്‍െറ മുഖ്യ ഉപയോക്താക്കള്‍ ഇന്ത്യ ആയതുകൊണ്ടുതന്നെ, ഫലസ്തീനില്‍ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നതില്‍ ഇന്ത്യ പരോക്ഷപങ്കാളിയാണെന്നു പറഞ്ഞാല്‍ തെറ്റാവില്ല.ആയുധ ഇടപാടില്‍നിന്ന് ദ്രുതവേഗം രാജ്യാന്തര പ്രതിരോധ ബന്ധത്തിലേക്കും സംയുക്ത ആയുധ ഉല്‍പാദനത്തിലേക്കും സംയോജിത രഹസ്യാന്വേഷണത്തിലേക്കുമൊക്കെ ഇന്ത്യ-ഇസ്രായേല്‍ ബന്ധം വളര്‍ന്നതിനുപിന്നില്‍ എന്‍.ഡി.എ സര്‍ക്കാറിനെപ്പോലെ തന്നെ യു.പി.എ സര്‍ക്കാറിനും അനിഷേധ്യ പങ്കാണുള്ളത്.
മോദിയെ സംബന്ധിച്ചിടത്തോളം ഇസ്രായേല്‍ ബന്ധത്തിന് കുറെക്കൂടി ആഴത്തിലുള്ള മാനങ്ങള്‍ ഉണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇസ്രായേല്‍ നിക്ഷേപമുള്ള സംസ്ഥാനം ഗുജറാത്താണ്. മാത്രമല്ല, കാര്‍ഷിക മേഖലയില്‍ ഇസ്രായേലുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ മോദി ഗുജറാത്തില്‍ നടപ്പാക്കുകയും ഇസ്രായേലില്‍ വിദഗ്ധരെ അയച്ച് സാങ്കേതികരംഗത്ത് പരിശീലനം നേടുകയും ചെയ്തിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ ഇസ്രായേല്‍ നിര്‍മിത സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതായി സംശയിക്കപ്പെട്ടിട്ടുണ്ട്. പാക്കിസ്താനി പൗരന്മാര്‍ക്കെതിരെ ഭീകരാക്രമണം നടത്തുകയും മതേതരവ്യവസ്ഥയെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന കുറ്റം ചുമത്തി ഇന്ത്യന്‍ സൈന്യത്തിലെ ഓഫിസറായിരുന്ന പ്രശാന്ത് പുരോഹിത് അടക്കം കുറെപേരെ മുംബൈയിലെ ഭീകരവിരുദ്ധ സ്ക്വാഡ് 2009ല്‍ അറസ്റ്റ് ചെയ്യുകയുണ്ടായി. പുരോഹിതിനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ ഇസ്രായേലിന്‍െറ സഹായം തേടിയതായി സമ്മതിച്ചിരുന്നു.
ബി.ജെ.പിയുടെയും സംഘ്പരിവാറിന്‍െറയും താല്‍പര്യങ്ങളും ഇസ്രായേലുമായുള്ള പൂര്‍വബന്ധങ്ങളും മുന്‍നിര്‍ത്തിവേണം ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഗസ്സ വിഷയത്തില്‍ കൈക്കൊണ്ട നിലപാട് വിശകലനം ചെയ്യാന്‍. വൈകാരിക നിലപാട് എന്നതിനപ്പുറം അതില്‍ ആസൂത്രിതമായ ഒരു ഭാവിനയതന്ത്രത്തിന്‍െറ കൃത്യമായ സൂചനകള്‍ വായിച്ചെടുക്കാന്‍ അപ്പോള്‍ മാത്രമാണ് സാധിക്കുക. ചേരിചേരാ നയത്തിന്‍െറ ശില്‍പിയായ ഇന്ത്യ, വംശീയചേരിയിലേക്ക് മാര്‍ഗം കൂടുന്നതിന്‍െറ ആപല്‍സൂചനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഗസ്സ പ്രശ്നവുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംവാദങ്ങളില്‍ അലയടിക്കുന്നത്. ഈ ഘട്ടത്തില്‍ നരേന്ദ്ര മോദി മറക്കുന്ന ഒന്നുണ്ട്; ഇന്ത്യയെ സൂപ്പര്‍ പവര്‍ ആക്കാന്‍ പോകുന്നു എന്ന വാഗ്ദാനമാണത്. ഊര്‍ജത്തിന്‍െറയും വിദേശനാണ്യത്തിന്‍െറയും വ്യാപാരത്തിന്‍െറയും കാര്യത്തില്‍ ഇന്ത്യയുടെ പങ്കാളികളായ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ പൂര്‍ണമായി കൈവിട്ട് ഒരു മഹാശക്തിയാകാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് മോദി കരുതുന്നുണ്ടോ? ഇസ്രായേല്‍ കൊന്നൊടുക്കുന്ന പൈതങ്ങളോട് കരുണ തോന്നിയില്ളെങ്കില്‍പോലും ഗള്‍ഫ് രാജ്യങ്ങളില്‍ കുടിയേറി കുടുംബം പോറ്റുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരോട് പ്രധാനമന്ത്രി മോദിയും മന്ത്രിമാരും അല്‍പം കരുണകാണിക്കണമായിരുന്നു. പണം വാങ്ങി ആയുധം നല്‍കുന്നവരോടോ, തൊഴില്‍ നല്‍കി ഒരു ജനതയെ സഹായിക്കുന്നവരോടോ നമുക്ക് ആഭിമുഖ്യം ഉണ്ടാകേണ്ടത് എന്ന് ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ പുനര്‍വിചാരം നടത്തുന്നത് കൊള്ളാം.

Friday, 11 July 2014